![]() |
ഹരി പുത്തന്‍ വീട് |
ദാമ്വേട്ടന് പടിയിറങ്ങി.
കോടിയുടുത്ത്....ചേര്‍ത്തു പിടിച്ച കൈകളില് ഒരു കുല
പൂക്കളുമായി...ആരോടും പരിഭവമില്ലാതെ....ദാമ്വേട്ടന്‍ പടിയിറങ്ങി. കൊളുത്തിയ
വിളക്കുമായി ആരൊക്കെയോ കൂടെ...കിഴക്കോട്ടിറങ്ങി...തോക്കോട്ടു
തിരിഞ്ഞ്....യാത്രയായി..
എല്ലാം ഇട്ടെറിഞ്ഞ്....മൌനിയായി പടിയിറങ്ങുമ്പോള്‍ മിടിക്കുന്ന ഹൃദയങ്ങളോ..... നിറയുന്ന കണ്ണുകളോ,
ദാമ്വേട്ടന്‍ അകമ്പടിയില്ലായിരുന്നു.... എല്ലാമുണ്ടായിട്ടും, ഉള്ളതൊന്നുമറിയാതെ.....ശാന്തമായയാത്ര.....
ദാമ്വേട്ടന് വേദനിക്കാനറിയുമായിരുന്നില്ല..... ആരെയും
വേണ്ടപോലെ സ്നേഹിക്കാനറിയുമായിരുന്നില്ല... പരിഭവമോ പരാതിയോയില്ലാതെ ഒരു ജന്മം.
വിശപ്പെന്ന തീരാശാപത്തില്‍നിന്നും, ദാമ്വേട്ടന് മോചനമുണ്ടായിരുന്നില്ല...
ഉത്തരത്തില്‍ തൂങ്ങിയാടിയ പിതാവിന്റെ മൃതദേഹം ഒരുനിമിഷം നോക്കിനിന്നിട്ട്, അയല്‍വക്കത്തെ
അടിയന്തിരവീട്ടിലേക്കിറങ്ങിപ്പോയ ദാമ്വേട്ടന്... വീട്ടില് പുകയുയരാന്‍ അല്പം
വൈകിയാല്, അയല്വീടുനോക്കി തിരിഞ്ഞുപോകുന്ന ദാമ്വേട്ടന്... വഴിയോരങ്ങളില്
കൈനീട്ടിനിന്ന്, ഒരു ഭിക്ഷക്കാരനെപ്പോലെ യാചിക്കുന്ന ദാമ്വേട്ടന്... കോക്രി
കാട്ടുന്ന കുട്ടികളോട് ശണ്ഠ കൂട്ടുന്ന ദാമ്വേട്ടന്.... മൃതദേഹം കണ്ടാല് ഭയന്ന്
ഓടിയോളിക്കുന്ന ദാമ്വേട്ടന്... കുരിശടികണ്ടാല്, തെറിപറഞ്ഞ് കല്ലെടുത്തെറിയുന്ന
ദാമ്വേട്ടന്......
ദാമ്വേട്ടനോട് പക്ഷെ ആര്ക്കും ഒരു വിരോധവുമില്ലായിരുന്നു..... ദാമ്വേട്ടന്
വ്യക്തിപരമായി ആരോടും പിണക്കവുമില്ലായിരുന്നു... വിശപ്പ് തൊട്ടുവിളിച്ചാല് മാത്രം
ദാമ്വേട്ടന് ക്ഷമിക്കാന് കഴിയുമായിരുന്നില്ല.....
അല്പ്പം കൂനി നടക്കുകയും, വീടുവീടാന്തരം കയറിയിറങ്ങുകയും
ചെയ്യുന്ന ദാമ്വേട്ടന്റെ മുന് വരിയിലെ രണ്ടു പല്ലുകള് കുറച്ചുപൊങ്ങി, ചുണ്ടുകള്ക്കിടയിലൂടെ പുറത്തേക്ക്
തലനീട്ടിനിന്നിരുന്നതിനാല്, ‘കുട്ടിയാന’ എന്നൊരു വിളിപ്പേരുകൂടി, അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യമൊക്കെ
ഈ വിളിയില് പരിഭവിച്ചിരുന്ന ദാമ്വേട്ടന്, കാലാന്തരത്തില്, ആ വിളി ഇഷ്ടപ്പെട്ടു
തുടങ്ങിയിരിക്കണം. കാരണം, ആ വിളിയെ അദ്ദേഹം കാര്യമായി
ഗൌനിക്കാതായിക്കഴിഞ്ഞിരുന്നു. ഏതായാലും ദാമ്വേട്ടന് പടിയിറങ്ങുന്പോള്,
അദ്ദേഹത്തിന് വഴിയൊരുക്കുവാനും, വിളക്കു കാണിക്കുവാനും, കുറേ പേരെങ്കിലും ആ പുരയിടത്തില്‍
എത്തിയിരുന്നു. വേദനയും വെളിപാടുമൊന്നുമില്ലാതെ, ദാമ്വേട്ടന് പോയവാറെ എല്ലാവരും
പിന്തിരിഞ്ഞു. ദാമ്വേട്ടന്റെ പുരാണങ്ങളും പാടി, അവര് നടന്നു മറഞ്ഞു.
ദാമ്വേട്ടന് ഇരുന്നു കഴിച്ച ചാരുപടിയും, ഉമ്മറക്കോലായും
അനാഥമായിക്കിടന്നു. അവ്യക്തമായി കോറിവരച്ചിട്ട കുറേ ചിത്രക്കോപ്പുകള്, പല്ലിളിച്ചു
പറന്നുനടന്നു. ദാമ്വേട്ടന് ഒരിക്കലും മറക്കാതെ തിരിയിട്ടു കത്തിച്ചിരുന്ന
നിലവിളക്ക്, ദീപമില്ലാതെ വാടിയിരുന്നു.. കഥയറിഞ്ഞെത്തിയ കുറെ കൂടപ്പുറപ്പുകള്,
കാടുകയറിക്കിടക്കുന്ന പുരയിടത്തിലും, കുലനിറഞ്ഞു നില്ക്കുന്ന തെങ്ങിന് ചുവട്ടിലും
നിന്ന് കുശുകുശുത്തു. പലരും മനക്കണ്ണില് പലതും പ്ലാന് ചെയ്തുകഴിഞ്ഞിരുന്നു. ദാമ്വേട്ടനെ
പൊട്ടനെന്നും ,വട്ടനെന്നും വിളിച്ചുമാറിനിന്നിരുന്ന പല രക്തബന്ധങ്ങളും,
ദാമ്വേട്ടന് സൂക്ഷിച്ചുവെച്ചിരുന്ന നിധികുംഭത്തില് കണ്ണു നട്ട് പാഞ്ഞു നടന്നു.
അനാഥമായ ആ വസ്തുവകകള് എങ്ങിനെയാണ് വീതിക്കുക, എന്നുള്ള
തലവേദന, അവര് ആത്മാര്ത്ഥമായി ഏറ്റെടുത്തു.
ഇതൊന്നുമറിയാതെ, ദാമ്വേട്ടന്, പിതൃലോകത്തേക്കുള്ള
വഴിത്തരായിലൂടെ ഏകനായി നടക്കുകയായിരുന്നു.
No comments:
Post a Comment