Ind disable
നിങ്ങളുടെ സൃഷ്ടികളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

Tuesday, December 4, 2012

ഒരു കഥപ്പാട്ട്

                                                      
ഉണ്ണിക്കുറങ്ങുവാന്‍ കഥ വേണം…                                            
മുത്തച്ഛി ചൊല്ലുന്ന കഥ വേണം.
മാണിക്യം വിഴുങ്ങിയ സര്‍പ്പത്താന്റെ
ഹരി പുത്തന്‍വീട്
എന്നും കേള്‍ക്കുന്ന കഥ വേണം……
മുത്തച്ഛി തന്നെ പറയേണം…….
മൂളിയും മൂളിയും കേള്‍ക്കേണം.
മുത്തച്ഛി കണ്ണുകള്‍ തെല്ലടച്ചു
മുടിയിഴ മെല്ലെ കെട്ടിവെച്ചു.
ഉണ്ണിയെ മാറത്തു ചേര്‍ത്തുവെച്ചു
ഉണ്ണിക്കാ യുണ്ണിക്കഥ പറഞ്ഞു.
ഉണങ്ങിയ മാറിന്റെ ചൂടുപറ്റി
തള്ള വിരലൊന്നു വായിലാക്കി
താളത്തില്‍ താളത്തില്‍ മൂളി മൂളി
കഥ കേട്ടുണ്ണി സ്വയം മറന്നു..
പാതിരാപ്പൂതങ്ങള്‍ പാട്ടുപാടി,
പാതിരാപ്പൂവുകള്‍ നൃത്തമാടി
പൌര്‍ണ്ണമി ചന്ദ്രിക പാലാഴിയായി
പാമ്പിന്റെ കഥയതു പൂര്‍ത്തിയായി.
മാണിക്യം വിഴുങ്ങിയ സര്‍പ്പത്താനെ….
സ്വപ്നത്തില്‍ കണ്ടുണ്ണിയുറക്കമായി….
രാവിന്റെ കരിമ്പടം മെല്ലെ മാറ്റി
വെള്ളിപ്പിറാവുകളുറക്കമാറ്റി
ഉണ്ണിയുറക്കമുണര്‍ന്നെണീറ്റു
ഉണ്ണിക്കഥയുടെ കാതലോര്‍ത്തു.
സര്‍പ്പത്താനിപ്പോഴും മാണിക്യത്തെ
വായിലൊളിപ്പിച്ചു കാത്തിരിപ്പൂ…..
ഭക്തിയായ് ശുദ്ധിയായ് വരുവോരാരോ,
അവര്‍ക്കാ മാണിക്യം ദാനമേകും.
ഉണ്ണിയുണര്‍ന്നാറെ കുളികഴിപ്പാന്‍
അമ്മയോടേറ്റം വഴക്കടിച്ചു
അത്ഭുതം കൂറിയോരമ്മ പാവം
ഉണ്ണിയെ കുളിപ്പിച്ചു തല തുവര്‍ത്തി
ഭക്തിയായ് ചന്ദനം നനച്ചെടുത്തു
നെറ്റിയില്‍ ഗോപിക്കുറി വരച്ചു
പട്ടിന്റെ കോണകമരയില്‍ കെട്ടി
മാറി നിന്നുണ്ണിതന്‍ ചന്തം കണ്ടു.
വൃത്തിയില്‍ നന്നായുടുത്തൊരുങ്ങി
പുലരിയില്‍ പൂത്ത പൂക്കളോടും
പാടിപ്പറക്കുന്ന പക്ഷിയോടും
മെച്ചത്തില്‍ കിന്നാരം ചൊല്ലി ചൊല്ലി
ഉണ്ണി പതുക്കെ തൊടിയിലെത്തി.
ഇന്നാളു കിട്ടുണ്ണി പറഞ്ഞതോര്‍ത്തു…..
“തോടിന്റെ കരയിലെ പേരാലിന്റെ
വേരിന്റിടക്കൊരു പൊത്തമുണ്ടെ,
അതിനുള്ളില്‍ പാമ്പും മുട്ടകളും
ആരാരും കാണാതിരിക്കുന്നുണ്ടെ….
മിണ്ടാതനങ്ങാതടുത്തുചെന്നാല്‍
അക്കാഴ്ച്ച  ചേലോടെ കാണാമെല്ലൊ..!”
മിണ്ടാതനങ്ങാതടിവെച്ചുണ്ണി
പേരാലിന്‍ ചുവടെത്തി നിന്നു മെല്ലെ…
കിട്ടുണ്ണി ചൊന്നതു പൊയ്യല്ലല്ലോ….
വേരിന്റിടക്കൊരു പൊത്തം കണ്ടേ….
അതിനുള്ളില്‍ മുട്ടയും പാമ്പുമുണ്ടാം,
പാമ്പിന്റെ വായ്ക്കുള്ളില്‍ മാണിക്യവും.
മാണിക്യം കാണുവാന്‍ കൊതിച്ചിട്ടുണ്ണി
പൊത്തത്തിന്‍ ചാരത്തേക്കെത്തി വേഗം.
ഉണ്ണിതന്‍ ഉണ്ണിക്കൈകള്‍ മെല്ലെ
പൊത്തത്തിനുള്ളില്‍ കടത്തിയുണ്ണി…..
തരിവളചാര്‍ത്തിയകൈകള്‍ക്കുള്ളില്‍
പലവട്ടം സര്‍പ്പത്താന്‍ മാണിക്യം തുപ്പി….
പൊള്ളുന്ന മാണിക്യം പുറത്തെടുക്കാന്‍
ഉണ്ണിക്കുപിന്നെ കഴിഞ്ഞതില്ല……..
ഉണ്ണിയുമൊരു നീല മാണിക്യമായ്
പേരാലിന്‍ ചുവട്ടില്‍ തപസ്സിരുന്നു.
കാലങ്ങളൊരുപാടുകഴിഞ്ഞെങ്കിലും
ഒത്തിരി മുത്തച്ഛിക്കഥകളിലും
ഉണ്ണിയുമാനാഗമാണിക്യവും
ഇന്നും കദനത്താല്‍ മിഴിനിറപ്പൂ…

No comments:

Post a Comment