സാംജി ടി.വി.പുരം |
മഹാകവിത്രയത്തിനുശേഷം 1935ലാണ് പാലായും ചങ്ങമ്പുഴയും രംഗത്തെത്തുന്നത്-'പൂക്കള്‍', 'ബാഷ്പാഞ്ജലി' എന്നീ കൃതികളുമായി. പാലായെപ്പോലെ മലയാളത്തില്‍ ഇത്രയും സുദീര്‍ഘമായി കാവ്യരംഗത്ത് പരിലസിച്ച വേറെ ആരുമില്ല. മലയാള ഭാഷ രൂപപ്പെട്ടതിന് ശേഷം ആരാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഒറ്റക്കവിത എഴുതിയത്. സംശയം വേണ്ട, അത് മഹാകവി പാലാ നാരായണന്‍നായരാണ്. വള്ളത്തോളിന്റെ ഉത്തമപാരമ്പര്യം അവകാശപ്പെടാവുന്ന ഏകകവിയും പാലായാണ്. 95-ാം വയസ്സിനുശേഷവും അദ്ദേഹം അനുസ്യൂതം കവിതാരചന നിര്‍വഹിച്ചിരുന്നു. ഭാഷയിലെ 'കേകേയനാ'യിരുന്നു അദ്ദേഹം. കേകവൃത്തത്തെ ഇത്രത്തോളം സമ്പന്നമാക്കിയ കവി വേറെയില്ല. പല മലയാള സാഹിത്യകാരന്മാരും പട്ടാളത്തില്‍ പോയിട്ടുണ്ടെങ്കിലും യുദ്ധത്തില്‍ പങ്കെടുത്ത ഏക മലയാള കവി പാലായായിരുന്നു. ജപ്പാനെതിരായ യുദ്ധത്തില്‍ പങ്കെടുത്തുകൊണ്ട് ബര്‍മയിലെ കൊടുങ്കാടുകളില്‍ ഇരുന്ന് രാത്രികാലങ്ങളില്‍ എഴുതിത്തീര്‍ത്ത കാവ്യപുസ്തകങ്ങളാണ് അടിമ, നിര്‍ധനന്‍, പടക്കളം എന്നിവ. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ രാഘവന്‍ അന്ന് പട്ടാളത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രചോദനത്താലാണ് മഹാകവി നിര്‍ധനന്‍ എഴുതിയത്.
നിഷ്കളങ്കമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു പാലാ. ഒരിക്കല്‍ കവിയുടെ വീട്ടില്‍ ഒരു സംഭവമുണ്ടായി. ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു കവി. വിശാലമായ പുരയിടത്തിലെ ഒരു വൃക്ഷത്തില്‍ കുറേ കാക്കകള്‍ ഒരു മരംകൊത്തിയെ സംഘം ചേര്‍ന്ന് കൊത്തുന്നത് കവി കണ്ടു. വയോവൃദ്ധനായ കവിക്ക് കസേരയില്‍നിന്ന് എഴുന്നേല്‍ക്കുവാനോ പുറത്തേക്ക് നടക്കുവാനോ സാധ്യമായിരുന്നില്ല. അപ്പോഴാണ് ഞാനവിടെ ചെല്ലുന്നത്. ഉടന്‍ എന്നോട് ആജ്ഞാപിച്ചു, എളുപ്പം ചെന്ന് മരംകൊത്തിയെ രക്ഷപ്പെടുത്തുവാന്‍. ഞാന്‍ ഓടിച്ചെന്ന് മരംകൊത്തിയെ എടുത്ത് കവിയുടെ അടുക്കലെത്തി. അപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന മകന്‍ ശ്രീകുമാറിനോട് മഞ്ഞള്‍ കൊണ്ടുവരാന്‍ അദ്ദേഹം പറഞ്ഞു. കവി പറഞ്ഞതനുസരിച്ച് ഞങ്ങള്‍ മഞ്ഞള്‍ പുരട്ടി മരംകൊത്തിയെ പരിചരിച്ചു. എങ്കിലും അധികം താമസിയാതെ മരംകൊത്തി ജീവനറ്റ് വീണു. കവിയിരുന്ന് കരയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മനുഷ്യനെയും പ്രകൃതിയെയും പക്ഷിമൃഗാദികളെയും മഹാകവി ഒരുപോലെ സ്നേഹിച്ചിരുന്നു. അദ്ദേഹം മലയാളികള്‍ക്ക് മഹാകവിയും എനിക്ക് ഗുരുനാഥനുമാണ്.
(മഹാകവിയുടെ റൈറ്ററും സഹചാരിയുമായിരുന്നു ശ്രീ സാംജി ടി വി പുരം).